Trending

VarthaLink

10,000 രൂപയുടെ ഷൂ പൊളിഞ്ഞു; പിഴ നൽകണമെന്ന് കോടതി


എറണാകുളം: പത്തുവര്‍ഷം വരെ യാതൊരു പ്രശ്‌നവും ഉണ്ടാവില്ല എന്ന വാഗ്ദാനം വിശ്വസിച്ച് വാങ്ങിയ പതിനയ്യായിരം രൂപ വിലയുള്ള ഷൂ ഏഴുമാസം കഴിഞ്ഞപ്പോള്‍ പൊളിഞ്ഞു. ഉപഭോക്താവിന്‍റെ പരാതി കേൾക്കാൻ തയ്യാറാകാതിരുന്ന ഷൂ നിർമാതാക്കളായ അഡിഡാസ് കമ്പനിക്ക് ഉപഭോക്ത‌ൃ കോടതി പിഴ ശിക്ഷ വിധിച്ചു. 30 ദിവസത്തിനകം നഷ്ടപരിഹാര തുക കൈമാറിയില്ലെങ്കില്‍ പലിശയും ചേര്‍ത്ത് നല്‍കണമെന്നാണ് ഉത്തരവ്.

അഡിഡാസ് ഇന്ത്യ, കോംഫി ഷൂ മേക്കേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ മുതിര്‍ന്ന പൗരനും വിമുക്തഭടനുമായ എറണാകുളം കൂനമ്മാവ് സ്വദേശി എം.ജെ. മാര്‍ട്ടിന്‍ നൽകിയ പരാതിയിലാണ് 7,500 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്.

പൊളിഞ്ഞ ഷൂസുമായി ഷോപ്പിലെത്തി പരാതി നല്‍കിയപ്പോള്‍ അത് പരിശോധിക്കാന്‍ പോലും തയ്യാറാകാതെ അഡിഡാസിന്‍റെ ഓണ്‍ലൈന്‍ പരാതി സംവിധാനത്തെ സമീപിക്കാനാണ് ഷോപ്പ് ഉടമ നിര്‍ദേശിച്ചത്. പൊട്ടിപ്പൊളിഞ്ഞ ഷൂസിന്‍റെ ഫോട്ടോഗ്രാഫ് സഹിതം ഓണ്‍ലൈനില്‍ പരാതി നല്‍കി. എന്നാല്‍ ഗ്യാരണ്ടി മൂന്നുമാസത്തേക്ക് മാത്രമാണെന്ന് അറിയിച്ച് പരാതി തള്ളി. തുടര്‍ന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

മുതിര്‍ന്ന പൗരനും മുന്‍ സൈനികനുമായ ഉപഭോക്താവിന്‍റെ പരാതി കേള്‍ക്കാനോ അത് പരിഹരിക്കാനോ അന്തസ്സോടെ പെരുമാറാന്‍ പോലുമോ ഷോപ്പ് ഉടമ തയ്യാറായില്ല എന്നത് നിര്‍ഭാഗ്യകരവും അപലപനീയവും ആണെന്നും ഇത് വിശ്വാസവഞ്ചന മാത്രമല്ല ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശത്തിന്‍റെ ലംഘനം കൂടിയാണെന്നും ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

Post a Comment

Previous Post Next Post