Trending

VarthaLink

സൗദി വനിതാ ബാഡ്ബിൻ്റണിൽ ഇരട്ട സ്വർണവുമായി കൊടുവള്ളി സ്വദേശിനി


റിയാദ്: വനിതാ ബാഡ്മിന്‍റണിൽ വീണ്ടും വെന്നിക്കൊടി പാറിച്ച്  മലയാളി താരം ഖദീജ നിസ. കഴിഞ്ഞ ദിവസം സമാപിച്ച സൗദി ജൂനിയർ വനിത അണ്ടർ 19 കിങ്ഡം ടൂര്‍ണമെന്‍റിൽ സിംഗിൾസിലും ഡബിൾസിലും ഇരട്ട സ്വർണം നേട്ടവുമായിട്ടാണ് ഖദീജ കപ്പ് ഉയർത്തിയത്. സമാനതകളില്ലാത്ത ഈ നേട്ടം കൈവരിച്ചതോടെ സൗദി അറേബ്യയുടെ വനിതാ കായിക രംഗത്ത് തന്‍റേതായ ചരിത്രം രചിക്കുകയാണ് കോഴിക്കോട്, കൊടുവള്ളി സ്വദേശിനിയായ ഈ പെൺകുട്ടി. 

മുൻപ് നടന്ന ആദ്യത്തെയും രണ്ടാമത്തെയും സൗദി ഗെയിംസിൽ തുടർച്ചയായ സ്വര്‍ണ നേട്ടത്തിന് പിറകെയാണ് ഖദീജയുടെ സൗദിയിലെ വനിതാ ബാഡ്മിന്‍റണിലെ ഈ ആധിപത്യം. സൗദി അറേബ്യയിലെ 30 പ്രമൂഖ ക്ലബുകളാണ് കിങ്ഡം ടൂർണമെന്‍റിൽ ഏറ്റുമുട്ടിയത്. ഈ മാസം 14 മുതൽ 16 വരെ നടന്ന ടൂര്‍ണമെന്‍റിലെ സിംഗിള്‍സ്, ഡബിള്‍സ് ജൂനിയർ വനിതകളുടെ മത്സരങ്ങളിലാണ് ഇത്തിഹാദ് ക്ലബിനു വേണ്ടി ബാറ്റേന്തി ഷട്ടിൽ പാറിച്ച് ഖദീജ കീരീടം നേടിയത്.

ഫൈനലിൽ സൗദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലിനു വേണ്ടി കോർട്ടിലിറങ്ങിയ താരത്തെയാണ് ഇത്തിഹാദ് താരമായ ഖദീജ നിസ തറപറ്റിച്ചത്. ഡബിൾസിൽ സിദ്രത്ത് അൽ നാസർ  ആയിരുന്നു പങ്കാളി. കഴിഞ്ഞ വർഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് രണ്ട് സ്വർണമുൾപ്പെടെ 10 മെഡലുകളാണ് ഖദീജ നിസ നേടിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് 15 രാജ്യങ്ങൾ പങ്കെടുത്ത അറബ് ജൂനിയർ ആൻഡ് സീനിയർ ചാംപ്യൻഷിപ്പിൽ സൗദി അറേബ്യക്കായി ദേശീയ ജഴ്സി അണിഞ്ഞ് മൂന്ന് മെഡലുകൾ നേടി. 

സ്കൂൾ കാലം മുതൽ അസാമാന്യ പ്രകടനത്തിലൂടെ പെൺകുട്ടിയുടെ കായികമികവും പ്രതിഭയും തിരിച്ചറിഞ്ഞ ഇത്തിഹാദ് ക്ലബ്ബ് ഖദീജ നിസയെ ടീമിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇത്തിഹാദിന്‍റെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു പിന്നീടങ്ങോട്ട് ഈ മലയാളി താരത്തിന്‍റെ ഒരോ വിജയവും. റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഐ.ടി എൻജിനീയര്‍ കൂടത്തിങ്ങല്‍ അബ്ദുൽ ലത്തീഫിന്‍റെയും ഷാനിത ലത്തീഫിന്‍റെയും മകളാണ് ഖദീജ നിസ. 

Post a Comment

Previous Post Next Post