ബാലുശ്ശേരി: കോഴിക്കോട്-ബാലുശ്ശേരി പാതയിൽ ഓവുചാലില്ലാത്തത് കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ദുരിതമാകുന്നു. അഴുക്കുചാലില്ലാത്ത ബാലുശ്ശേരി പാതയിൽ സംഗമിക്കുന്ന അനുബന്ധറോഡുകളായ പോസ്റ്റ് ഓഫീസ് റോഡ്, ആർ.ടി. ഓഫീസ് റോഡ് എന്നിവിടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളമാണ് കോഴിക്കോട് റോഡരികിൽ തളം കെട്ടിനിൽക്കുന്നത്.
മഴക്കാലമായാൽ കാൽനടക്കാർ അനുഭവിക്കുന്ന പ്രയാസം ഏറെയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഒരു സംവിധാനവും നിലവിലില്ല. ഒഴുകുന്ന ചെളിവെള്ളം വാഹനം കടന്നുപോകുമ്പോൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് തെറിക്കുന്നത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. കോഴിക്കോട്-ബാലുശ്ശേരി പാത വികസനപദ്ധതി പ്രഖ്യാപിച്ചിട്ട് വർഷങ്ങളായി.
ഈ വെള്ളക്കെട്ടിലൂടെ വേണം സ്വകാര്യ ആശുപത്രി, ആർ.ടി. ഓഫീസ്, ബി.എസ്.എൻ.എൽ. ഓഫീസ് എന്നിവിടങ്ങളിലേക്കു പോവാൻ. റോഡുവികസനത്തിന് കാത്തുനിൽക്കാതെ ഓവുചാൽ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.