കോഴിക്കോട്: ബൈപ്പാസിൽ വെങ്ങളം ജംഗ്ഷൻ മുതൽ രാമനാട്ടുകര ജംഗ്ഷൻ വരെ ആറു വരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്- ബാലുശ്ശേരി റോഡുകൾ ദേശീയപാത 66ൽ ചേരുന്ന വേങ്ങേരി ജംഗ്ഷനിൽ നിർമ്മിക്കുന്ന മേൽപ്പാലം സെപ്തംബർ ആദ്യവാരത്തോടെ ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. മേൽപ്പാലത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വേങ്ങേരി ജംഗ്ഷനിൽ 45 മീറ്റർ വീതിയിലാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഇതിന്റെ ഒരു വശത്തെ നിർമ്മാണം 2023ൽ പൂർത്തിയായി. മറുവശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്ന സമയം ഈ ഭാഗത്ത് പൈപ്പ് ലൈൻ കടന്നു പോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കൂടി പൂർത്തിയാക്കിയാണ് പാലം തുറന്നു കൊടുക്കുന്നത്.
മാവിളിക്കടവ് – വേങ്ങേരി സർവീസ് റോഡ് വേങ്ങേരി ഓവർപാസിൽ ചേരുന്ന ഭാഗത്തു കോൺക്രീറ്റ് നിർമാണം പൂർത്തിയാക്കി സൈഡ് ബാരിയർ ഘടിപ്പിക്കണം. പാലം, സർവീസ് റോഡ്, പാലത്തിൽ നിന്നുള്ള വേങ്ങേരി ഭാഗത്തെ അപ്രോച്ച് റോഡ് ടാറിങ് എന്നിവ പൂർത്തിയാക്കണം. ഇതെല്ലാം ഒരാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.