കോഴിക്കോട്: കോഴിക്കോട് കല്ലായിയിൽ ഉണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശികളായ സുഹൃത്തുക്കൾ മരിച്ചു. കോടങ്ങാട് ഇളനീർക്കര കോച്ചാമ്പള്ളി അമീറലി -ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകൻ മുഹമ്മദ് സിയാദ് (18) എന്നിവരാണു മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.
കല്ലായ് റോഡിൽ വട്ടാംപൊയിലിൽ റെയിൽവേ ഗെയിറ്റിന് സമീപം സിറ്റി ബസും ഇവർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെമ്മങ്ങാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സാബിത് ഓട്ടോമൊബൈൽ കോഴ്സ് വിദ്യാർത്ഥിയും സിയാദ് വാഴക്കാട് ഐടിഐ വിദ്യാർത്ഥിയുമാണ്.