കക്കോടി: കക്കോടിയിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപകനെതിരെ പോക്സോ കേസ്. ചീക്കിലോട് സ്വദേശിയായ അധ്യാപകൻ ബിജു കാമൂരിനെതിരെയാണ് പരാതി. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നാടക നടനും, സാമൂഹ്യ പ്രവർത്തകനുമായ അധ്യാപകൻ ഒളിവിലാണ്.
കഴിഞ്ഞ മെയ് മാസമാണ് കേസിനാസ്പദമായ സംഭവം. വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ കാറിൽ കയറ്റി കൊണ്ടുപോയി സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയായിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഇയാൾ മുമ്പ് ജോലി ചെയ്ത പല വിദ്യാലയങ്ങളിലും നേരത്തെയും ഇയാൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു. കേസെടുത്ത് രണ്ടാഴ്ചയായിട്ടും ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഇയാളെ പിടികൂടാനാവാത്തത് പോലീസിൻ്റെ വീഴ്ചയാണെന്നും ഇയാൾ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നുമാണ് പരാതിക്കാരുടെ ആരോപണം.