Trending

VarthaLink

മുംബൈ കോളജില്‍ ഹിജാബ് വിലക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രിംകോടതി


ന്യൂഡല്‍ഹി: മുബൈയിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിദ്യാര്‍ഥികള്‍ ക്യംപസില്‍ ഹിജാബ്, തൊപ്പി, ബാഡ്ജുകള്‍ എന്നിവ ധരിക്കുന്നത് വിലക്കിയ നടപടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹിജാബ്, തൊപ്പി, ബാഡ്ജ് എന്നിവ ധരിക്കരുതെന്ന് വ്യക്തമാക്കുന്ന ഉത്തരവിലെ രണ്ടാമത്തെ വ്യവസ്ഥ ഭാഗികമായി സ്റ്റേ ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുംബൈയിലെ സ്വകാര്യ കോളേജിലെ മൂന്ന് വിദ്യാര്‍ഥികളാണ് സുപ്രിംകോടതിയെ സമീപിച്ചത്. കോളജിലെ ഡ്രസ് കോഡിനെതിരെ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ഇവര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. 

അതേസമയം 2008 ലാണ് കോളേജ് ആരംഭിച്ചതെന്നിരിക്കെ പെട്ടന്ന് നിയമം നടപ്പിലാക്കിയതിനെ കോടതി ചോദ്യം ചെയ്തു. ഇപ്പോഴാണോ രാജ്യത്ത് മതമുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞതെന്നായിരുന്നു കോടതി ചോദിച്ചത്. മുഖം മറയ്ക്കുന്ന വസ്ത്രം പരസ്പരമുള്ള സംവാദത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് മറുഭാഗത്തിന്റെ വാദം. പൊട്ട് തൊട്ടുവരുന്നവരെ കോളേജ് വിലക്കുമോ? ഇല്ലല്ലോ എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം. സ്ഥാപനം തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് നിര്‍ഭാഗ്യകരമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Post a Comment

Previous Post Next Post