ബാലുശ്ശേരി: ബാലുശ്ശേരിയുടെ ആരോഗ്യരംഗത്തെ വികസനത്തിന് പുതിയ പ്രതീക്ഷ നൽകുന്ന ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ രണ്ടാംഘട്ട വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 23 കോടിരൂപ ചെലവഴിച്ച് നടത്തുന്ന നിർമ്മാണപ്രവർത്തനം പകുതിയിലേറെ പൂർത്തിയായി. നിലവിലുള്ള കെട്ടിടത്തിൽ മുകളിലായി നിർമ്മിക്കുന്ന വെർട്ടിക്കൽ എക്സ്റ്റൻഷൻ ബ്ലോക്കിന്റെ നിർമ്മാണമാണ് ഇതിനകം പൂർത്തിയായത്.
പുതിയ ബ്ലോക്കിന്റെ നിർമ്മാണമാണിപ്പോൾ പുരോഗമിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾകാരണം നിർമ്മാണ പ്രവൃത്തിയാരംഭിക്കാൻ സമയമെടുത്തിരുന്നെങ്കിലും നിർമ്മാണം തുടങ്ങിയശേഷം സമയബന്ധിതമായി പ്രവൃത്തി നടക്കുന്നുണ്ട്. പ്രവൃത്തി നടക്കുമ്പോൾ ചികിത്സതേടിവരുന്ന രോഗികൾക്ക് വലിയ പ്രയാസങ്ങളുണ്ടാവാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ആശുപത്രിയിലൊരുക്കിയിട്ടുണ്ട്.
ട്രോമാ കെയർ, എമർജൻസി മെഡിസിൻ, ജനറൽ ഒ.പി, ജനറൽ സർജറി ഒ.പി, ഓർത്തോ ഒ.പി തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം പ്രവർത്തനസജ്ജമാവുക. 3000-ത്തിലേറെ സ്‌ക്വയർ മീറ്റർ വിസ്തീർണമാണ് നിർമ്മാണത്തിലുള്ള ബഹുനിലക്കെട്ടിടത്തിനുള്ളത്. ഒന്നാംനിലയിൽ ലേബർ റൂം, എൻ.ഐ.സി.യു. തുടങ്ങിയവയുമുണ്ടാവും. രണ്ടാംനിലയിൽ ഓർത്തോ ഒ.ടി., ജനറൽ സർജറി ഒ.ടി., സർജിക്കൽ ഐ.സി.യു., എം.ഐ.സി.യു., ഓഫ്തൽ ഒ.പി., ഇ.എൻ.ടി. ഒപി. സൗകര്യങ്ങളും മൂന്നാംനിലയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള വാർഡുകളുമുണ്ടാവും.
നിലവിലുള്ള കെട്ടിടത്തിൽ നിർമ്മിച്ചിരിക്കുന്ന വെർട്ടിക്കൽ എക്സ്റ്റൻഷൻ ബ്ലോക്കിൽ മുകളിലായി എച്ച്.ഡി.യു. ജനറൽ മെഡിസിൻ ആൻഡ് പീഡിയാട്രിക് വാർഡുകൾ, ലബോറട്ടറി എന്നീ സൗകര്യങ്ങളാണുണ്ടാവുക. ട്രോമാകെയർ യൂണിറ്റുൾപ്പെടെ സജ്ജമാവും. തിരുവനന്തപുരം ആസ്ഥാനമായ ഹെദർ കൺസ്ട്രക്‌ഷൻ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. മാർച്ച് മാസത്തോടെ നിർമ്മാണപ്രവൃത്തി പൂർത്തിയാവുമെന്ന് കെ.എം. സച്ചിൻദേവ് എം.എൽ.എ.യുടെ ഓഫീസ് അറിയിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമ്മാണപ്രവൃത്തി നടക്കുന്നത്.