അത്തോളി: അണ്ടിക്കോട് ചത്ത കോഴിയുടെ ഇറച്ചി വിറ്റ കോഴിക്കട അടച്ചുപൂട്ടി. ഇന്നലെ വൈകിട്ട് ആറോടെ കടയിൽ നിന്നു വാങ്ങിക്കൊണ്ടുപോയ ഇറച്ചിയിൽ ദുർഗന്ധവും പിന്നീട് പുഴുവിനെയും കണ്ടെത്തിയതോടെ വാങ്ങിയ ആൾ അധികൃതർക്ക് പരാതി നൽകി. തുടർന്ന് എലത്തൂർ പൊലീസും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി കടയിൽ നിന്നു ചത്ത കോഴികളെ പിടികൂടുകയായിരുന്നു.
കടയിൽ അസഹ്യമായ ദുർഗന്ധവുമുണ്ട്. അതിഥിത്തൊഴിലാളികൾ ജീവനക്കാരായ കടയിൽ വില കുറച്ചാണ് കോഴിയിറച്ചി വില്പന നടത്തിയിരുന്നത്. ആരോഗ്യ പ്രശ്നം ഉണ്ടാക്കും വിധം കച്ചവടം നടത്തിയ സിപിആർ ചിക്കൻ കടയുടെ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കി. ഇനി ലൈസൻസ് നൽകില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള പറഞ്ഞു. എലത്തൂർ പോലീസ് കേസെടുത്തു.
നേരത്തെ കോളിയോട്ട് താഴെയുള്ള ചിക്കൻ കടയിലും സമാന രീതിയിൽ വില്പന നടത്തിയതിന് സി പി ആർ ചിക്കൻ കടയ്ക്കെതിരെ പരാതി ഉയരുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നീട് ലൈസൻസ് പുതുക്കി നൽകുകയായിരുന്നു. എരഞ്ഞിക്കലിലെ ഇതേ കടയിലും സമാന രീതിയിൽ 1500 ഓളം ചത്തക്കോഴികൾ മുമ്പ് പിടികൂടിയിരുന്നു
അത്തോളി, തിരുവങ്ങൂർ, അണ്ടിക്കോട് എന്നിവിടങ്ങളിൽ കോഴിയിറച്ചിക്ക് ഓരോ കടകളിലും ഓരോ വിലയാണ് എന്നതും പരാതിയുണ്ട്. അധികൃതർ ഇക്കാര്യത്തിൽ ഇടപെടണമെന്ന് സാമൂഹ്യ പ്രവർത്തകൻ ബദറു അത്തോളി പറഞ്ഞു. ബോർഡിൽ വിലക്കുറവ് കാണുമ്പോൾ ആളുകൾ അന്വേഷണം നടത്താതെ വാങ്ങുന്ന പ്രവണത വർധിക്കുന്നുവെന്നും. ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.