കോഴിക്കോട്: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും സാറാ ജോസഫ് പറഞ്ഞു. പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണ്. ആര്‍ക്കു വേണമെങ്കിലും പറയാവുന്ന കാര്യങ്ങള്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
“കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈം നടക്കുമ്പോള്‍ അതിലൊരു പ്രതിയോ പ്രതികളോ വേണം. പരാതിക്കാര്‍ അതില്‍ പേരുകള്‍ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കിലല്ലേ കോടതിക്കോ സര്‍ക്കാരിനോ നടപടിയെടുക്കാന്‍ കഴിയൂ? അങ്ങനെ പ്രത്യേകമായി റിപ്പോര്‍ട്ടില്‍ ഒന്നും കാണുന്നില്ല. ഇത് മുമ്പും നടന്നിട്ടുണ്ടാകാമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങളേയുള്ളു. കാരണം സിനിമാരംഗം എന്നുപറയുന്നത് കള്ളപ്പണവും മദ്യവും മയക്കുമരുന്നും ലൈംഗികഅരാജകത്വവുമെല്ലാം ഉള്ളതാണെന്ന് നമുക്കറിയാവുന്ന കാര്യമാണ്. പക്ഷേ ഒരു മാഫിയയുടെ കൈയിലാണ് ആ രംഗം തിരിയുന്നത് എന്നതുകൊണ്ട് അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പരാതികളില്‍ പറഞ്ഞിട്ടുള്ളപ്രകാരം ആരാണ് അവിടെ ഇടനിലക്കാരായിട്ടുള്ളത്, അവരുടെ പേരുകള്‍ പറയട്ടെ. എങ്കിലല്ലേ നിയമനടപടികള്‍ എടുക്കാന്‍ കഴിയുകയുള്ളൂ. അതൊന്നുമില്ലാതെ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുള്ളത് അപൂര്‍ണമായ റിപ്പോര്‍ട്ടാണ്- സാറാ ജോസഫ് പറഞ്ഞു.