ബാലുശ്ശേരി: പതിനൊന്ന് ഡോക്ടർമാരുണ്ടായിരുന്ന ബാലുശ്ശേരി താലൂക്കാശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഡെപ്യൂട്ടേഷനിൽ പോയതോടെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ. നാല് കാഷ്വാലിറ്റി ഡോക്ടർമാരിൽ ഒരു ഡോക്ടർ ഡെപ്യൂട്ടേഷനിൽപ്പോയത് നിലവിൽ രാത്രിയിൽ ഉൾപ്പെടെ കാഷ്വാലിറ്റിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി പരാതി ഉയരുന്നു.
രണ്ട് ഡോക്ടർമാരുടെ ഒഴിവിലേക്ക് ആശുപത്രി വികസനഫണ്ട് ഉപയോഗിച്ച് നിയമനം നടത്താനാണ് ബ്ലോക്ക് പഞ്ചായത്ത് ആലോചിക്കുന്നത്. എന്നാൽ ഡെപ്യൂട്ടേഷനിലുള്ള ഡോക്ടർമാരെ തിരികെയെത്തിക്കുകയാണ് വേണ്ടതെന്നും ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള വികസന ഫണ്ട് ഡോക്ടർമാരെ നിയമിക്കാൻ ചെലവഴിക്കരുതെന്നും ഇതിനകം ആവശ്യമുയർന്നിട്ടുണ്ട്.
ഡോക്ടർമാരുടെ കുറവ് വന്നതോടെ രോഗികളുടെ നീണ്ടവരിയാണ് രാവിലെ മുതൽ താലൂക്കാശുപത്രിയിൽ കാണാനാവുന്നത്. രണ്ട് സ്പെഷലിസ്റ്റ് ഡോക്ടർമാർ, നാല് കാഷ്വാലിറ്റി ഡോക്ടർമാർ, മൂന്ന് അസിസ്റ്റൻറ് സർജൻ, എം.എച്ച്.എം. ഡോക്ടർ, ഡെൻറൽ സർജൻ എന്നിവരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇതിൽ കാഷ്വാലിറ്റി ഡോക്ടറുടെയും എം.എച്ച്.എം. ഡോക്ടറുടെയും ഒഴിവാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് ഡോക്ടർമാരുടെ കുറവ് ഇരുട്ടടിയായിരിക്കുന്നത്.