താമരശ്ശേരി: 60 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയെയാണ് വെള്ളിയാഴ്ച വൈകിട്ട് കൈതപൊയിൽ ആനോറമ്മലുള്ള വാടകവീട്ടിൽ നിന്നും പൊലീസ് പിടികൂടിയത്. മുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ഇവയ്ക്ക് 2 ലക്ഷം രൂപ വിലവരും. മൂന്ന് മാസത്തോളമായി വീട് വാടകയ്ക്ക് എടുത്ത് ഭർത്താവിനും കൂട്ടാളികള്‍ക്കുമൊപ്പം ലഹരിമരുന്ന് വിൽപന നടത്തുകയായിരുന്നു.
ബെംഗളൂരു, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് കൂട്ടാളികൾ എത്തിക്കുന്ന ലഹരിമരുന്ന് പാക്ക് ചെയ്ത് ഉപയോക്താക്കൾക്ക് എത്തിക്കുന്നത് ഇവരായിരുന്നു. കഴിഞ്ഞവർഷം മേയിൽ ഇവരുൾപ്പെട്ട നാലംഗ സംഘത്തെ എകരൂൽ എസ്റ്റേറ്റ് മുക്കിലെ വാടക വീട്ടിൽ നിന്നും 9.100 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇവരുൾപ്പെട്ട ലഹരിമാഫിയ സംഘം താമരശ്ശേരി കൂരിമുണ്ടയിൽ നാട്ടുകാരെ ആക്രമിക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തിരുന്നു. ഇതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി ജയിലായിരുന്നു റജീന.
താമരശ്ശേരി എസ്ഐ ആർ.സി.ബിജു, സ്പെഷൽ സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, പി.ബിജു, എഎസ്ഐ എ.ടി.ശ്രീജ, എസ്‌സിപിഒമാരായ എൻ.എം.ജയരാജൻ, പി.പി.ജിനീഷ്, സി.പി.പ്രവീൺ, സിപിഒമാരായ സി.കെ.ശ്രീജിത്, ജിജീഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.