മുക്കം: ചെറുവാടി അക്ഷയ സെന്‍റര്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മര്‍ദ്ദനം. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് അക്ഷയ സെന്റര്‍ നടത്തിപ്പുകാരനായ ആബിദിനെയാണ് കാറിലെത്തിയ ഒരു സംഘം ആളുകള്‍ സ്ഥാപനത്തില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മലപ്പുറം അരീക്കോട് വെച്ചാണ് ആബിദ് അക്രമി സംഘത്തിൽ നിന്നും രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ ഇയാള്‍ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും അന്വേഷണം നടത്തുന്ന മുക്കം പോലീസ് പറഞ്ഞു. വധശ്രമം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അക്ഷയ സെന്റര്‍ ജീവനക്കാരനെതിരേ നടന്ന അതിക്രമത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു.