Trending

VarthaLink

ശുചിമുറി ആവശ്യപ്പെട്ടത്തിയ സ്ത്രീയും പുരുഷനും വീട്ടമ്മയെ കത്തികാണിച്ച് മാല പൊട്ടിച്ചു


കോഴിക്കോട്: രാത്രി വീട്ടില്‍ വന്നുകയറിയ അപരിചിതരായ സ്ത്രീയും പുരുഷനും വീട്ടമ്മയെ കത്തികാണിച്ച് സ്വര്‍ണ്ണ മാല പൊട്ടിച്ചു. കോഴിക്കോട് കക്കട്ടിലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ അമ്പലക്കുളങ്ങര-നിട്ടൂര്‍ റോഡിലെ ഒരു വീട്ടിലാണ് സ്ത്രീയും പുരുഷനും ബൈക്കില്‍ എത്തിയത്.

ഈ സമയം വീട്ടമ്മ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. തങ്ങള്‍ക്ക് ശുചിമുറി ഉപയോഗിക്കാന്‍ സൗകര്യം ചെയ്യാമോ എന്ന് ഇവര്‍ വീട്ടമ്മയോടെ ചോദിക്കുകയായിരുന്നു. ഇതനുസരിച്ച് ബാത്ത് റൂം കാണിച്ചു കൊടുത്തപ്പോള്‍ വീട്ടമ്മയോടും കൂടെ വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്ത്രീക്കും പുരുഷനും പിറകേ പോയ ഗൃഹനാഥയെ ഇരുവരും ചേര്‍ന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും കഴുത്തിലെ സ്വര്‍ണമാല പൊട്ടിക്കുകയുമായിരുന്നു. 

ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇരുവരും വന്ന ബൈക്കില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ കുറ്റ്യാടി പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ സ്വര്‍ണ മാല വീട്ടുമുറ്റത്ത് നിന്നുതന്നെ കണ്ടെത്തി. പിടിവലിക്കിടെ മാല നിലത്ത് വീണുപോയതാണെന്ന് കരുതുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post