കണ്ണൂർ: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ പാളത്തിൽ വീണ് മരിച്ചു. കൊയിലാണ്ടി മേലൂർ നവീൻ വില്ലയിൽ നവീൻ (41) ആണ് മരിച്ചത്. കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷനിലാണ് അപകടം. ഗുജറാത്തിൽ ടയർ കട നടത്തുകയായിരുന്നു നവീൻ. സഹോദരിയുടെ മകൻ്റെ വിവാഹത്തിനായി അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ ശനിയാഴ്ച രാത്രി 7.45ന് ആണ് അപകടം.
ഗുജറാത്തിൽ നിന്നും ഗാന്ധിധാം- തിരുവനന്തപുരം എക്‌സ്പ്രസ്സിലായിരുന്നു യാത്ര. ട്രെയിൻ കണ്ണപുരത്തെത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു നവീൻ. വെള്ളം വാങ്ങി തിരികെ, നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ടുപോവുകയായിരുന്നു. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോഴിക്കുളങ്ങര നാരായണൻ വസന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: അശ്വതി. സഹോദരങ്ങൾ: സ്വപ്ന, സ്വീറ്റി.