വയനാട്: വയനാട്ടിൽ വിവിധയിടങ്ങളിലും കോഴിക്കോട് കൂടരഞ്ഞിയിലും കുറ്റ്യാടിയിലും ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദമുണ്ടായതായി നാട്ടുകാര്‍. രാവിലെ പത്തുമണിക്കുശേഷമാണ് ഇടിമുഴക്കം പോലെ ശബ്ദംകേട്ടത്. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാവിഭാഗം ഇത് സ്ഥിരീകരിച്ചു. പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പിണങ്ങോട്, കുറിച്യർമല അംബ എന്നിവിടങ്ങളിലും വിറയിൽ അനുഭവപ്പെട്ടതായി വിവരം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ വിവരമറിയിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിൻ്റെ ലക്ഷണമാണോ എന്ന് പരിശോധിക്കുകയാണ്.
നേന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ RARS പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കവും, നേരിയ കുലുക്കവും അനുഭവപ്പെട്ടു. വൈത്തിരി താലൂക്കിന് കീഴിൽ പൊഴുതന വില്ലേജിൽ ഉൾപ്പെടുന്ന സുഗന്ധഗരി എന്ന പ്രദേശത്തും അച്ചൂരാൻ വില്ലേജ് ഉൾപ്പെടുന്ന സേട്ടു കുന്ന് എന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടു വില്ലേജിലെയും വില്ലേജ് ഓഫീസർമാരുടെ സ്ഥലം സന്ദർശിച്ച് കൃത്യമായ വിവരം നൽകാൻ അറിയിച്ചിട്ടുണ്ട്. വെങ്ങപ്പള്ളി വില്ലേജിൽ കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കും തറ എന്നീ സ്ഥലങ്ങളിൽ ചെറിയ മുഴക്കവും ഇളക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിലും കുറ്റ്യാടിയിലും സമാനമായ അനുഭവങ്ങൾ തന്നെയാണ് നാട്ടുകാർ പറയുന്നത്.