Trending

VarthaLink

നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; 'അമ്മ' ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു


കൊച്ചി: ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചു. രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. സ്വമേധയാ രാജിവച്ചതായി സിദ്ധിഖ് സ്ഥിരീകരിച്ചു. രാജി സംബന്ധിച്ച് കൂടുതല്‍ പ്രതികരണം നടത്താനില്ലെന്ന് സിദ്ധിഖ് വ്യക്തമാക്കി. നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് രാജിയിലേക്ക് എത്തിയതായാണ് സൂചന.

''എനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വമേധയാ രാജിവയ്ക്കുന്നതായി അറിയിച്ചുകൊള്ളട്ടെ,'' രാജിക്കത്തില്‍ സിദ്ധിഖ് വ്യക്തമാക്കി. ഇന്നലെ അമ്മയുടെ അനൗദ്യോഗിക എക്സിക്യൂട്ടീവ് യോഗം നടന്നതായും വിവരമുണ്ട്.

ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാല്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് യുവനടി ആരോപിച്ചത്. തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പർശിക്കുകയും ലൈംഗീകചേഷ്ടകള്‍ കാണിച്ചതായും യുവനടി കൂട്ടിച്ചേർത്തു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞതായും യുവനടി പറഞ്ഞു.

നേരിടേണ്ടി വന്ന ദുരനുഭവും പുറത്തുപറഞ്ഞ സാഹചര്യത്തില്‍ തന്നെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും സിനിമ മേഖലയില്‍ നിന്ന് മാറ്റിനിർത്തുകയായിരുന്നെന്നും യുവനടി പറഞ്ഞു. സിദ്ധിഖില്‍ നിന്നുണ്ടായ ദുരനുഭവത്തിന്റെ മാനസികാഘാതം ഇനിയും മാറിയിട്ടില്ലെന്നും യുവനടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.

Post a Comment

Previous Post Next Post