ബംഗളൂരു: റോഡപകടം സംഭവിച്ചാൽ ഹെൽമറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തടയാനാകില്ലെന്ന് കർണാടക ഹൈക്കോടതി. ഹെൽമറ്റ് ധരിക്കാത്തത് നിയമലംഘനമാണെങ്കിലും അത് നഷ്ടപരിഹാരം ലഭിക്കുന്നതിൽ നിന്ന് ഒരാളെ അയോഗ്യനാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സാദത്ത് അലി ഖാൻ എന്നയാൾ സമർപ്പിച്ച ഹരജി പരിഗണിക്കവെ ജസ്റ്റിസ് കെ. സോമശേഖർ, ജസ്റ്റിസ് ചില്ലക്കൂർ സുമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2016 മാർച്ച് അഞ്ചിന് ബംഗളൂരു - മൈസൂരു റോഡിൽ വെച്ച് സാദത്ത് അലി ഖാൻ അപകടത്തിൽപെട്ടിരുന്നു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനുപിന്നിൽ കാറിടിക്കുകയായിരുന്നു. തലയിലടക്കം ഇദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. ചികിത്സക്കും മറ്റുമായി പത്ത് ലക്ഷം ചെലവായെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായി രാമനഗരയിലെ മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചു.
എന്നാൽ 2020 സെപ്തംബർ 24ന്, അപകടസമയത്ത് സാദത്ത് അലി ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്രൈബ്യൂണൽ 5.61 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം വിധിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇദ്ദേഹം ഹൈകോടതിയെ സമീപിച്ചത്.