കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കുറുവങ്ങാട് സ്വദേശി മരിച്ചു. കുറുവങ്ങാട് വരകുന്നുമ്മല്‍ റഷീദ് (55) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടരയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം.
റഷീദ് സഞ്ചരിച്ച ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സ് ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: മറിയക്കുട്ടി. ഭാര്യ: സുനീറ. മക്കൾ: റുബിസ് , ഫാത്തിമ.