ഉള്ളിയേരി: ഉള്ളിയേരി പാലോറ മലയിൽ ചേരിയേരി പറമ്പത്ത് മീത്തൽ ഭാഗത്ത് ഉരുളൻ കല്ലിൽ വിള്ളൽ കണ്ടെത്തി. മഴ കനത്തതോടെ പാലോറ മല സംരക്ഷണ സമിതി പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടത്. കഴിഞ്ഞ ജനുവരിയിൽ ചെങ്കുത്തായ മലയുടെ മുകൾഭാഗം സ്വകാര്യ വ്യക്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് പരന്നൊഴുകിയ മലവെള്ളം ഒരു ഭാഗത്തുകൂടി ഒഴുക്കി വിടാനുള്ള ശ്രമം നടത്തിയിരുന്നു. ഇവിടെയാണ് രണ്ടാൾ പൊക്കത്തിലുള്ള ഉരുളൻകല്ലിൽ വിള്ളൽ കണ്ടെത്തിയത്. തിരുത്തോത്ത് കോളനി റോഡിൽ നിന്ന് 50 മീറ്റർ ചെങ്കുത്തായ വഴിയിൽ തൈക്കൂട്ടത്തിൽ മീത്തൽ ചേരിയേരി പറമ്പത്ത് ഭാഗത്താണിത്. 2 പഞ്ചായത്തുകളിലെയും നൂറിലധികം വീട്ടുകാർ ഭീഷണിയിലാണെന്നു പാലോറ മല സംരക്ഷണ സമിതി ഭാരവാഹികളായ വിനീഷ് ആർ. തൈക്കൂട്ടത്തിൽ, എൻ.വിശ്വംഭരൻ മാട്ടായി എന്നിവർ പറഞ്ഞു.
ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവരെ അറിയിച്ചതിനെ തുടർന്ന് ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. 200 വീട്ടുകാർ ഒപ്പിട്ട നിവേദനം ഇവർക്കു കൈമാറി. ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സി.അജിത, വൈസ് പ്രസിഡന്റ് എൻ.എം.ബാലരാമൻ എന്നിവരും സ്ഥലം സന്ദർശിച്ചു. 2018ലെ പ്രളയ കാലത്ത് ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായിരുന്നു. അന്ന് 7 കുടുംബത്തെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരുന്നു. മാതാംതോട്, മൊടക്കല്ലൂർ നീർത്തടം, എടക്കോത്ത് താഴെ നീർത്തടം, കുന്നത്തറ നീർത്തടം എന്നിവയുടെയെല്ലാം ഉദ്ഭവ സ്ഥാനമാണ് പാലോറ മല.