കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. മൂന്ന് പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തെരുവുനായ വ്യത്യസ്ത സമയങ്ങളിലായി അഞ്ചിലധികം പേരെ ആക്രമിച്ചതായാണ് വിവരം. നന്ദഗോപാലന്‍ (16), നിഷാന്ത് (33), ദിയ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. മറ്റു രണ്ടുപേരെയും നായ ആക്രമിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റവരിൽ വിദ്യാര്‍ത്ഥിയായ നന്ദഗോപാലന്റെ കാലിന് മുട്ടിന് താഴെ രണ്ട് കടിയേറ്റിട്ടുണ്ട്. മകനെ സ്‌കൂളിലേയ്ക്ക് വിടാനായി സ്റ്റാന്‍ഡിന് സമീപം ഇറക്കിയതായിരുന്നുവെന്നും പെട്ടെന്ന് വന്ന നായ മകന്റെ കാലിന് കടിക്കുകയായിരുന്നുവെന്ന് നന്ദഗോപാലന്റെ അച്ഛന്‍ പറഞ്ഞു. കാവുംവട്ടം സ്വദേശിയായ നിഷാന്തിനെയും സ്റ്റന്‍ഡ് പരിസരത്ത് വെച്ച് 7.15 ഓടെ നായ കാലിന് കടിക്കുകയായിരുന്നു. ഇതേസമയം തന്നെ വിദ്യാര്‍ത്ഥിയായ ദിയ എന്ന കുട്ടിയേയും നായ കടിച്ചിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരപ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. നഗരസഭ അടിയന്തരമായി ഇടപെട്ട് നടപടികള്‍ സ്വീകരണിക്കണെമന്നാണ് നാട്ടുകാരുടെ ആവശ്യം.