താമരശ്ശേരി: പുതുപ്പാടിയിൽ മോഷണംപോയ ബൈക്കുമായി യുവാവ് പിടിയിൽ. പുതുപ്പാടി പെരുമ്പള്ളിയിൽ പോലീസിന്റെ രാത്രികാല പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ അടിവാരം കറുപ്പച്ചൻകണ്ടി വീട്ടിൽ മുഹമ്മദ് സൽമാൻ (26)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെ ആറിന് പെരുമ്പള്ളി 21/6 ലെ ടൈൽസ് കടയ്ക്ക് സമീപത്തെ ഇരുനില കെട്ടിടത്തിന്റെ മുന്നിൽ വെച്ചാണ് ബൈക്കിലിരിക്കുകയായിരുന്ന മുഹമ്മദിനെ എസ്.ഐ. ടി.സി ഷാജിയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്തത്. ബൈക്കിന്റെ രേഖകൾ പരിശോധിച്ച് അന്വേഷിച്ചതോടെ അത് മഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമാവുകയും തുടർന്ന് യുവാവിനെ മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.