Trending

VarthaLink

കോഴിക്കോടിനും വയനാടിനും പിന്നാലെ പാലക്കാട്ടും മലപ്പുറത്തും പത്തനംതിട്ടയിലും പ്രകമ്പനം.

പാലക്കാട്: വയനാട്, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെ പ്രകമ്പനം ഉണ്ടായി എന്ന റിപ്പോർട്ടുകൾക്കിടെ പാലക്കാട് മലപ്പുറം, പത്തനംതിട്ട ജില്ലകളിലും സമാന പ്രകമ്പനം ഉണ്ടായതായി വിവരം. പാലക്കാട് ഒറ്റപ്പാലം മേഖലയിൽ ഇടിവെട്ടുന്നത് പോലെ ശബ്ദം ഉണ്ടായതായാണ് റിപ്പോർട്ട്.

ഒറ്റപ്പാലം നഗരസഭയിലെ പനമണ്ണ, വീട്ടാപ്പാറ, ലക്കിടി എന്നീ മേഖലയിലാണ് രാവിലെ10.30-ഓടെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നത്. പ്രകമ്പനം പോലെ അനുഭവപ്പെട്ടതായും പറയുന്നു. കോതക്കുറുശ്ശി, വാണിയങ്കുളം, പനയൂർ തുടങ്ങിയ മേഖലകൾ വരെ ശബ്ദമുണ്ടായതായി പറയുന്നു. എന്നാൽ ഈ പ്രദേശത്ത് പ്രകമ്പനം ഉണ്ടായതായി വിവരമില്ല. ആദ്യം എന്താണ് സംഭവിക്കുന്നത് മനസ്സിലായില്ല. തുടർന്ന് മാധ്യമങ്ങളിൽ കൂടി വയനാട്ടിലെ പ്രകമ്പന വാർത്തകൾ പുറത്തുവന്നതോടെയാണ് ഇതിന്റെ ഭാഗമായിട്ടുള്ള തുടർച്ച ആയിരിക്കാം പാലക്കാടും ഉണ്ടായിട്ടുള്ളത് എന്ന് പ്രദേശവാസികൾ കരുതുന്നത്. അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന്‌ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

മലപ്പുറത്തും പത്തനംതിട്ടയിലും പലയിടങ്ങളിൽ സമാനമായ ശബ്ദങ്ങൾ കേട്ടതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. വി കെ പടിയിലും എടപ്പാളിലും പരിസരങ്ങളിലുമാണ് മലപ്പുറത്ത് പ്രകമ്പനമുണ്ടായത്. തൃശ്ശൂർ അതിർത്തിയോട് ചേർന്ന് കിടക്കുന്ന എടപ്പാൾ ഭാഗത്ത് ശബ്ദം കേട്ടതായി പ്രദേശവാസി പറയുന്നു. രാവിലെ 10.30ഓടെയാണ് സംഭവം. വീടിന് മുകളിൽ എന്തോ പതിക്കുന്നതായുള്ള ശബ്ദമാണ് കേട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പത്തനംതിട്ടയിൽ കോന്നി, വെട്ടൂർ സ്കൂളിന് സമീപം എന്നിവടങ്ങളിൽ വലിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post