മാനന്തവാടി: മുലപ്പാൽ ശ്വാസകോശത്തിൽ കയറി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടേനാൽ ഉന്നതിയിൽ രാജുവിൻ്റെയും ശാന്തയുടെയും രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞ് അവശനിലയിലാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളമുണ്ട പൊലീസ് കോളനിയിൽ എത്തി കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ ഭർത്താവ് കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കുമായിരുന്നെന്നും മദ്യ ലഹരിയിൽ കുഞ്ഞിനെ ചവിട്ടിയെന്നും കുട്ടിയുടെ അമ്മ ശാന്ത പരാതി പറഞ്ഞു. ഭർത്താവ് രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞിൻ്റെ ശരീരത്തിൽ മറിവുകളോ പരിക്കുകളോ കണ്ടെത്തിയിട്ടില്ല. മുലപ്പാൽ ശ്വാസകോശത്തിൽ കയറിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.