കല്പറ്റ: വയനാട്ടിലെ ദുരിതബാധിതർക്ക് കെെത്താങ്ങുമായി കേരളാ ബാങ്ക്. ചൂരൽമല ശാഖയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ കേരളാ ബാങ്ക് എഴുതിതള്ളി. മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടുനൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതായി ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.
ആദ്യ പട്ടികയിൽ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ മരിച്ചവരും വീടും സമ്പാദ്യവും പൂര്‍ണായും നഷ്ടപ്പെട്ടവരും ഉൾപ്പെടുന്നു. മറ്റുള്ള ദുരന്തബാധിതരുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേസമയം, മറ്റ് ശാഖകളിൽ ബാധ്യതകൾ ഉള്ള ദുരന്തബാധിതര്‍ക്ക് ഈ സഹായം ലഭിക്കുമോ എന്നും വ്യക്തമല്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് 50 ലക്ഷം രൂപ നേരത്തെ നൽകിയിരുന്നു. ഇതുകൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചുദിവസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ജൂലായ് 30-ന് ഉണ്ടായ വയനാട് ദുരന്തത്തിൽ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. വയനാട് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നാലായിരത്തിലധികം പേരാണ് കഴിയുന്നത്.