അത്തോളി: വേളൂർ ഹെൽത്ത് സെന്ററിന് സമീപം പുലിയെ കണ്ടെന്ന നാട്ടുകാരുടെ സംശയത്തെ തുടർന്ന് ആർആർടി സംഘവും വനം വകുപ്പും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി 7.30ന് ഹെൽത്ത് സെന്ററിന് സമീപത്തെ വീട്ടമ്മയാണ് പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടതായി സംശയം അറിയിച്ചത്.
രാത്രി തന്നെ അത്തോളി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. ഇന്നലെ ആർആർടി സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരു മണിക്കൂർ ചിമ്മ മലയിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കാൽപാടുകൾ പോലും കണ്ടെത്താൻ സാധിച്ചില്ല. പുലിയുടെ കാൽപാടുകൾ എന്ന് സംശയിച്ച് മാർക്ക് ചെയ്ത സ്ഥലത്തെ പാടുകൾ നായയുടേതാണെന്നു പരിശോധനയിൽ തെളിഞ്ഞു.
കണ്ടത് കാട്ടുപൂച്ചയെയോ മെരുവിനെയോ ആയിരിക്കണമെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. കക്കയം റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.വിജിത്ത്, വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ, സെക്‌ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ പി.ബഷീർ, പി.ഗണേശൻ, ഫോറസ്റ്റ് വാച്ചർ കെ.പി ലിബേഷ്, കോഴിക്കോട് ആർആർടി ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ഷാജീവ്, എസ്എഫ്ഒ വി.പ്രജീഷ്, റെസ്ക്യൂ ജീവനക്കാരായ അബ്ദുൽ കരീം, ഷബീർ തുടങ്ങിയവരാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്.