ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ.ഇന്ദു (42) ആണ് മരിച്ചത്. തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ സംശയം ഉന്നയിച്ചു. വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചെന്നും തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ പ്രതികരണവുമായി റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ കെ വേണുഗോപാൽ. ജീവിത ശൈലി രോഗമുള്ളവർ തുമ്പ കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായി മാറുമെന്ന് ഡോക്ടർ പറഞ്ഞു. സസ്യങ്ങളിൽ നിന്നുള്ള വിഷവസ്തുക്കൾ ഹൃദ്രോഗം, പ്രമേഹം, കിഡ്നി പോലെയുള്ള ജീവിത ശൈലി രോഗങ്ങളുള്ളവർക്ക് അപകടകരമായി മാറാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു.
ഇന്ദുവിന്‍റെ മൃതദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ടും രാസ പരിശോധന ഫലവും ലഭിച്ചാൽ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളു. കഴിഞ്ഞ മെയ് മാസത്തിൽ അരളിപൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസ പരിശോധന ഫലം ലഭിക്കാത്തതിനാൽ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.