മേപ്പാടി: വയനാട് ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ യുവാക്കളെ സൈന്യവും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സന്നദ്ധ സംഘടനയിലെ 3 പേരെയാണ് സൈന്യം എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്. നിലമ്പൂര്‍ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിന്‍ തുടങ്ങിയവരാണ് കുടുങ്ങിയത്. ദുരന്തത്തിൽ അകപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഇവർ സൂചിപ്പാറയിൽ കുടുങ്ങിയത്.
പൊലീസ് അനുമതി വാങ്ങാതെയാണ് മൂവരും രക്ഷാപ്രവര്‍ത്തനത്തിനായി സൂചിപ്പാറയിലേക്ക് പോയത്. ഇന്നലെ ഉച്ചയ്ക്കാണ് മൂവരും മുണ്ടേരിയില്‍ നിന്ന് പുറപ്പെട്ടത്. കോസ്റ്റ്ഗാര്‍ഡും വനംവകുപ്പും സംയുക്തമായി മൂന്ന് മണിക്കൂര്‍ നടത്തിയ കഠിനമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവരെ വെള്ളത്തില്‍ നിന്ന് കരക്കെത്തിച്ചത്. ശേഷം സൈന്യം ഇവരെ എയർലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥലത്തെത്തിച്ച് സേനയുടെ ആംബുലൻസിൽ മേപ്പാടിയിലെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ മാത്രം മറ്റുള്ള ആശുപത്രിയിലേക്ക് മാറ്റും.