കാക്കൂർ: തന്റെ വാർഡിൽ മാലിന്യം ചാക്കിൽക്കെട്ടി തള്ളിയവർക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധവുമായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ മാലിന്യം തള്ളിയാണ് കാക്കൂർ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ഷൈലേഷ് പ്രതിഷേധിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് മറ്റൊരു വാർഡിലെ മാലിന്യം പുന്നശ്ശേരിയിലെ റോഡരികിൽ ആരോ കൊണ്ടിട്ടത്. ഇത് നീക്കം ചെയ്യണമെന്നും മാലിന്യത്തിൽ നിന്നു ലഭിച്ച അഡ്രസിലെ ആളുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും അധികൃതരെ അറിയിച്ചുവെന്ന് ഷൈലേഷ് പറയുന്നു. എന്നാൽ, ഇതിൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് മാലിന്യചാക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ കൊണ്ടിട്ടത്.
സംഭവത്തിൽ പ്രതികളെ കണ്ടെത്താനും പിഴയീടാക്കാനുമുള്ള നടപടിയെടുക്കുന്നതിനിടെയാണ് ചെയർമാൻ ഇത്തരത്തിൽ പ്രതിഷേധിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.