കോഴിക്കോട്: വെള്ളിമാടുകുന്നില്‍ നിന്ന് വാങ്ങിയ ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി. ചിക്കന്‍ ബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട രണ്ട് യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് യുവതികള്‍ക്ക് ബര്‍ഗറില്‍ നിന്ന് പുഴുവിനെ ലഭിച്ചത്.
വൈകുന്നേരം 6.30ന് വെള്ളിമാടികുന്ന് മൂഴിക്കലിലെ എംആര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഓണ്‍ലൈനില്‍ വാങ്ങിയതായിരുന്നു ചിക്കന്‍ ബര്‍ഗര്‍. വാങ്ങിയ രണ്ട് ചിക്കന്‍ ബര്‍ഗറില്‍ ആദ്യത്തേത് പരാതിക്കാര്‍ മുഴുവനായി കഴിച്ചു. രണ്ടാമത്തെ ബര്‍ഗര്‍ പരിശോധിക്കുമ്പോഴായിരുന്നു പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് വരുത്തി ബര്‍ഗര്‍ തിരിച്ചേല്‍പ്പിക്കുകയും മാനേജരെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.
എന്നാല്‍ തൊട്ടടുത്ത ദിവസം ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നാലെ ചേവായൂര്‍ പൊലീസില്‍ യുവതികള്‍ പരാതി നല്‍കി. കോഴിക്കോട് ഭക്ഷ്യസുരക്ഷ വിഭാഗത്തിനും പരാതി നല്‍കിയിട്ടുണ്ട്.