Trending

VarthaLink

അപകടാവസ്ഥയിലുള്ള കൊടുവള്ളി നഗരസഭാ കെട്ടിടം പൊളിച്ചുമാറ്റുന്നത് നീളുന്നു


കൊടുവള്ളി: കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ കൊടുവള്ളി നഗരസഭാ കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവൃത്തി നീളുന്നു. പുതിയ നഗരസഭാ കെട്ടിട നിർമ്മാണത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായെങ്കിലും കെട്ടിടത്തിലെ ചിലവ്യാപാരികൾ കോടതിയെ സമീപിച്ചതിനാലാണ് പൊളിക്കൽ പ്രവൃത്തി നീണ്ടുപോവുന്നത്. 45 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബുകളും തൂണുകളും പലസമയങ്ങളിലായി അടർന്നു വീണിരുന്നു. പുതിയകെട്ടിടം നിർമ്മിക്കാനായി 4.5 കോടി രൂപ നഗരസഭ വകയിരുത്തി അംഗീകാരം നേടുകയും കൊച്ചിയിലെ എഫ്.ആർ.ബി.എൽ. കമ്പനി ടെൻഡർ ഏറ്റെടുക്കുകയും ചെയ്തതാണ്. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന് സർക്കാർ ഉത്തരവ് ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. 

തുടർന്ന്, കെട്ടിടത്തിലെ കച്ചവടക്കാരുടെ യോഗം വിളിച്ചു ചേർക്കുകയും പുനരധിവസിപ്പിക്കുന്ന കാര്യം ചർച്ച ചെയ്ത് അവർക്ക് പരിഗണന നൽകാമെന്ന് ഉറപ്പുനൽകുകയും നഗരസഭാ കൗൺസിൽ ഏകകണ്ഠമായി അംഗീകരികുകയും ചെയ്തിരുന്നെന്ന് നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു പറഞ്ഞു. ഈ ഘട്ടത്തിലാണ് ചില കച്ചവടക്കാർ കോടതിയെ സമീപിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി ബസ്‌സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ഭീഷണിയായി ജീർണാവസ്തയിൽ നിൽക്കുന്ന നഗരസഭാ കെട്ടിടം അടിയന്തരമായി പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.

Post a Comment

Previous Post Next Post