തിരുവനന്തപുരം: വയനാട് ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മേജര്‍ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയതതായി പരാതി. ഡിഫന്‍സ് സര്‍വീസ് റെഗുലേഷന്‍ പ്രകാരം സൈന്യത്തില്‍ നിന്നും വിരമിച്ചയാള്‍ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി.
വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ആര്‍.എ അരുണ്‍ എന്നയാളാണ് പരാതി നല്‍കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊലീസിനും പ്രതിരോധ മന്ത്രാലയത്തിനും ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്. സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് മേജര്‍ രവിയുടെ പ്രവര്‍ത്തിയെന്നും ഇത് സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സൈനിക യൂനിഫോമിലുള്ള ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതുള്‍പ്പെടെ മേജര്‍ രവിയുടേത് അപലപനീയമായ പ്രവര്‍ത്തനമാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ മോഹന്‍ലാലിനൊപ്പമാണ് മേജര്‍ രവി അടങ്ങുന്ന സംഘം വയനാട് ദുരന്തമുഖത്തെത്തിയത്. ലഫ്റ്റനന്റ് കേണല്‍ പദവിയുള്ള മോഹന്‍ലാലും സൈനിക വേഷത്തിലാണ് എത്തിയത്.