Trending

VarthaLink

വയനാട്; ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ല, വകുപ്പില്ലെന്ന് ആവർത്തിച്ച് കേന്ദ്രം


ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. യു.പി.എ. ഭരണകാലത്ത് 2013-ല്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം ലോക്സഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിലപാട്. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രതിപക്ഷം ഇത് പരിശോധിക്കാന്‍ തയ്യാറാകുന്നില്ലെന്നും കേന്ദ്രം പറയുന്നു.

പ്രകൃതിദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ വകുപ്പില്ലെന്നാണ് അന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. ദുരന്തത്തിന്റെ വ്യാപ്തി, സഹായം നല്‍കേണ്ടതിന്റെ ആവശ്യകത, പ്രതിസന്ധി നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാരിന്റെ ശേഷി തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചതിനുശേഷം സഹായം നല്‍കാറുണ്ട്. അടിയന്തര ദുരിതാശ്വാസവും സഹായവുമെത്തിക്കുകയെന്നതിനാണ് മുന്‍ഗണനയെന്നും സംസ്ഥാനസര്‍ക്കാരുകളാണ് പ്രാഥമിക ഉത്തരവാദിത്വംവഹിച്ച് സുരക്ഷാമാര്‍ഗങ്ങളും ആശ്വാസനടപടികളും സ്വീകരിക്കേണ്ടതെന്നും അന്ന് മന്ത്രി രേഖാമൂലം അറിയിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

വയനാട്ടില്‍ അടിയന്തര സഹായമെത്തിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിവിധ സുരക്ഷാവിഭാഗങ്ങളിലെ 1200 പേരടങ്ങിയ സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. 30 പേരെ രക്ഷിക്കാനും 520 പേരെ ഒഴിപ്പിക്കാനും 112 മൃതദേഹങ്ങള്‍ കണ്ടെത്താനും എന്‍.ഡി.ആര്‍.എഫ്. സംഘത്തിനുകഴിഞ്ഞു. പ്രശ്‌നബാധിതമേഖലകള്‍ അന്തര്‍ മന്ത്രാലയ കേന്ദ്രസംഘം (ഐ.എം.സി.ടി.) സന്ദര്‍ശിച്ചെന്നും ദുരിതാശ്വാസ ഫണ്ടുനല്‍കാന്‍ യുക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post