പാരീസ്: ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ (1-2) ന് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഇന്ത്യന്‍ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഒളിമ്പിക്‌സിനു മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന് ഇതോടെ ഒളിമ്പിക് മെഡല്‍ നേട്ടത്തോടെ മടക്കം. രണ്ടുപതിറ്റാണ്ടിനടുത്ത് ടീമിന്റെ ഗോള്‍വല വിശ്വസ്തതയോടെ കാത്ത ശ്രീജേഷ് എന്ന ഇതിഹാസത്തിന്റെ വിടവാങ്ങല്‍മത്സരത്തിന് വെങ്കലനിറം പകരാന്‍ ഇന്ത്യന്‍ ടീമിനായി. ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിന്റെ 335-ാം മത്സരം കൂടിയായിരുന്നു ഇത്.
കളിയുടെ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യയ്‌ക്കെതിരേ 18-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സ്‌ട്രോക്ക് ലക്ഷ്യത്തിലെത്തിച്ച് മാര്‍ക് മിറാലസ് സ്‌പെയിനിനെ മുന്നിലെത്തിച്ചിരുന്നു. സര്‍ക്കിളിനുള്ളിലെ അമിത് രോഹിദാസിന്റെ ഹൈ സ്റ്റിക്ക് ബോക്കാണ് പെനാല്‍റ്റിക്ക് കാരണമായത്. പിന്നാലെ 30-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ലക്ഷ്യം കണ്ട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ടീമിനെ ഒപ്പമെത്തിച്ചു. പിന്നാലെ 33-ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കോര്‍ണറും ലക്ഷ്യത്തിലെത്തിച്ച ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ടോക്യോയില്‍ ശ്രീജേഷിന്റെ മികവില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.