കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്. ആശുപത്രി അധികൃതരാണ് നടൻ്റെ അസുഖ വിവരം പുറത്തുവിട്ടത്.
ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പനിക്കും ശ്വാസതടസത്തിനും പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.