കോഴിക്കോട്: ബീച്ച് കേന്ദ്രീകരിച്ച് വാഹനങ്ങളും, വാഹനങ്ങളിൽ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്ന മോഷണ സംഘം പിടിയിൽ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ശ്രീ നാരായണൻ. ടി ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ പോലീസും ചേർന്നാണ് പിടികൂടിയത്. നല്ലളം പനങ്ങാട് മഠം മേക്കയിൽ പറമ്പ് യാസിർ അറാഫത്ത് (27), ചേലേമ്പ്ര കാരപറമ്പ് രജീഷ് (38), വെങ്ങളം കാട്ടിൽ പീടിക വയലിൽ അഭിനവ് (20), എലത്തൂർ കാലം കോളിത്താഴം മുഹമ്മദ് അദിനാൻ (20) എന്നിവരാണ് പിടിയിലായത്.
നിരവധി സ്കൂട്ടറിൻ്റെ താക്കോകളുമായി നടക്കുന്ന ഇവർ നിർത്തിയിട്ട ബൈക്കിൻ്റെ അടുത്തെത്തി താക്കോലിട്ട് തിരിച്ച് ലോക്ക് പൊട്ടിച്ചാണ് മോഷണം നടത്തുന്നത്. സി.എച്ച് ഫ്ലൈ ഓഫറിനടുത്ത് പി.കെ അപ്പാർട്ട്മെൻ്റിൻ്റെ പാർക്കിങ്ങിൽ നിർത്തിയിട്ട സ്കൂട്ടറും, കുറ്റിച്ചിറ ബിരിയാണി സെൻ്ററിനടുത്ത് നിർത്തിയിട്ട സ്കൂട്ടറും, ബീച്ച് ഹോസ്പിറ്റലിനടുത്ത് പാർക്കിങ്ങിൽ നിർത്തിയിട്ട സ്കൂട്ടറും മോഷണം നടത്തിയെന്ന് ചോദ്യം ചെയ്യലിൽ ഇവർ പേലീസിനോട് സമ്മതിച്ചു. ഉറങ്ങി കിടക്കുന്ന ആളുകളികളിൽ നിന്ന് പണവും മൊബൈൽ ഫോണുകളും ഇവർ മോഷണം നടത്തിയിട്ടുണ്ട്.
മോഷ്ടിച്ച വാഹനങ്ങൾ പോലീസ് കണ്ടെടുത്തു. കൂടാതെ ബീച്ച് പരിസരത്ത് നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിച്ചതായും ഇവർ സമ്മതിച്ചു. വിശദമായ ചോദ്യം ചെയ്തതിൽ നിന്നും സ്കൂട്ടറിൻ്റെ സീറ്റ് പൊളിച്ച് മോഷണം നടത്തിയതായും ബീച്ചിൽ നിര്‍ത്തിയിട്ട സ്കൂട്ടറിൽ നിന്നും ഒന്നര ലക്ഷത്തോളം വിലവരുന്ന ക്യാമറ മോഷണം നടത്തിയതായും സമ്മതിച്ചു. പിടിയിലായവർ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. മോഷണ മുതലുകൾ ആർഭാട ജീവിതത്തിനും, ലഹരി മരുന്നിനും വേണ്ടി ചിലവഴിക്കാറാണ് പതിവ്.