Trending

VarthaLink

നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെപിസിസി സെക്രട്ടറിയെ കോൺഗ്രസ് സസ്പെൻ്റ് ചെയ്തു


തൃശൂർ: തൃശൂർ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കെപിസിസി സെക്രട്ടറിയുമായ സി.എസ്. ശ്രീനിവാസനെ കോൺ​ഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്റ് ചെയ്തത്. സി.എസ്. ശ്രീനിവാസനെ സസ്‌പെന്റ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. ഗുരുതരമായ സാമ്പത്തിക ആരോപണവും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും പൊതുസമൂഹത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ. നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റുമായ ടി.എ. സുന്ദർ മേനോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ശ്രീനിവാസനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കാലടിയിൽ നിന്നാണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസനെ പിടികൂടിയത്. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ധനകാര്യ സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഇതിൽ 17 കോടിയോളം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് പൊലീസ് നടപടി.18 കേസുകൾ ഇവർക്കെതിരേ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post