താമരശ്ശേരി: വീടുവിട്ടിറങ്ങിയ 23കാരിയെയും ഒന്നര വയസുള്ള കുഞ്ഞിനെയും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്. താമരശ്ശേരി, അത്തോളി, കൊയിലാണ്ടി പൊലീസ് സ്റ്റേഷനുകളിലെയും പിങ്ക് പൊലീസിന്റെയും അവസരോചിതമായ ഇടപെടലാണ് യുവതിയെ കണ്ടെത്താന്‍ സഹായകരമായത്.
ഇന്ന് ഉച്ചയോടെ താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ഉടനെ യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഉള്ള്യേരി ഭാഗത്തായാണ് കണ്ടത്. കണ്‍ട്രോള്‍ റൂമില്‍ നിന്നും അത്തോളി പൊലീസിന് ഈ വിവരം ലഭിച്ചു. എസ്.ഐയുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റേഷനിലെ ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ യുവതി ഉള്ള്യേരിയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി മനസ്സിലായി.
തുടർന്ന് യുവതിയുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചെങ്കിലും ആദ്യം ഫോണ്‍ എടുത്തില്ല. പിന്നീട് തിരികെ വിളിക്കുകയും രോഷത്തോടെ സംസാരിക്കുകയും ചെയ്തു. കുഞ്ഞുമായി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നാണ് യുവതി പറഞ്ഞത്. ഏറെ പണിപ്പെട്ട് പൊലീസുകാരന്‍ ഇവരെ അനുനയിപ്പിക്കുകയും ലൊക്കേഷന്‍ മനസിലാക്കുകയും ചെയ്തു. യുവതി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടെന്ന് പൊലീസുകാരനോട് പറഞ്ഞു. വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതനുസരിച്ച് അത്തോളിയിലെയും കൊയിലാണ്ടിയിലെയും പൊലീസുകാര്‍ പരിശോധിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല.
അത്തോളിയില്‍ നിന്നും ഇടയ്ക്കിടെ ഇവരുടെ നമ്പറുകളിലേക്ക് വിളിച്ചു നോക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഫോണ്‍ വീണ്ടും ഓണാവുകയും യുവതിയോട് പൊലീസുകാരന്‍ അനുനയ സ്വരത്തില്‍ തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇവർ താമരശ്ശേരിയിലേക്ക് ബസ് യാത്രയിലാണെന്ന് മനസ്സിലാവുകയും താമരശ്ശേരി ആനക്കാംപൊയിലില്‍ വെച്ച് ബസില്‍ നിന്നും യുവതിയെയും കുഞ്ഞിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് യുവതി പറഞ്ഞതെന്ന് താമരശ്ശേരി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയശേഷം അവരുടെ ഇഷ്ടപ്രകാരം വിടുമെന്ന് പൊലീസ് പറഞ്ഞു.