വയനാട്: ദുരന്ത ഭൂമിയായ മുണ്ടക്കൈയില്‍ റഡാറില്‍ ജീവന്‍റെ സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചില്‍ അഞ്ച് മണിക്കൂറിന് ശേഷം ദൗത്യസംഘം അവസാനിപ്പിച്ചു. മണ്ണിനടിയില്‍ മനുഷ്യ സാന്നിധ്യമില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഗ്നല്‍ മൃഗങ്ങളുടേത് ആകാമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി. ഇതോടെ സിഗ്നല്‍ കിട്ടിയ സ്ഥലത്ത് നടത്തിയ തെരച്ചില്‍ വിഫലമായി. വൈകിട്ടോടെ തന്നെ ദൗത്യ സംഘം തെരച്ചില്‍ അവസാനിപ്പിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് വീണ്ടും ദൗത്യം ആരംഭിക്കുകയായിരുന്നു. ശ്വാസത്തിന്‍റെ സാന്നിധ്യമാണ് റഡാര്‍ സിഗ്നല്‍ സൂചിപ്പിച്ചത്. ഇത് മനുഷ്യര്‍ തന്നെ ആകണമെന്നില്ലെന്നും വല്ല പാമ്പോ തവളയോ മറ്റോ ആകാനും സാധ്യതയെന്നും ദൗത്യ സംഘം വ്യക്തമാക്കിയിരുന്നു.
സിഗ്നല്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാകും വരെ തെരച്ചില്‍ തുടരുമെന്നാണ് അറിയിച്ചിരുന്നത്. തകര്‍ന്ന വീടിന്‍റെ പാചകമുറിയുടെ ഭാഗത്ത് നിന്നാണ് റഡാര്‍ സിഗ്നല്‍ ലഭിച്ചിരുന്നത്. ഇവിടെ നിന്ന് മൂന്നുപേരേ കാണാതായിട്ടുണ്ട്. ദുരന്ത മേഖലയില്‍ നിന്ന് ആദ്യമായാണ് റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നത്. ഭൂമിക്കടിയില്‍ ചലനമാണെങ്കില്‍ ചുവന്ന സിഗ്നലാകും കിട്ടുക. അതേസമയം ശ്വാസമാണെങ്കില്‍ നീലനിറത്തിലാകും സിഗ്നല്‍. തുടര്‍ച്ചായായി നീലനിറത്തിലുള്ള സിഗ്നലാണ് ലഭിക്കുന്നത്. അതേസമയം മുണ്ടക്കൈയിലെ മറ്റിടങ്ങളിലെ റഡാര്‍ പരിശോധന താത്‌കാലികമായി നിര്‍ത്തിവച്ചു. നാളെ വീണ്ടും റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകും.