Trending

VarthaLink

ഓൺലൈൻ വഴി വീട്ടമ്മയില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്നു; കൊടുവള്ളി, കൊയിലാണ്ടി സ്വദേശികൾ പിടിയില്‍


തിരുവനന്തപുരം: ഓൺലൈൻ വഴി പണം തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ. വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. കോഴിക്കോട്- കൊടുവള്ളി സ്വദേശി സെയ്ഫുൾ റഹ്മാൻ, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണൻ, അഖിൽ ബാബു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

ഇൻസ്റ്റഗ്രാം വഴിയായിരുന്നു ചാറ്റിങ്. ആദ്യം 1000 രൂപ വീട്ടമ്മ നൽകി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടിൽ എത്തി. തുടർന്ന് 3000 രൂപ നൽകി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടർന്ന് 80,000 രൂപ നൽകി. എന്നാൽ തിരികെ പണം ലഭിക്കാത്തപ്പോൾ ഇവരെ ബന്ധപ്പെട്ടു. എന്നാൽ അക്കൗണ്ട് ബ്ലോക്കായതിനാൽ പണം നൽകാൻ സാധിക്കുന്നില്ലെന്നും ഒരു ലക്ഷം രൂപ അയച്ചു തരണമെന്നും അറിയിച്ചു. തുടർന്ന് സമാനരീതിയിൽ അഞ്ച് ലക്ഷത്തോളം രൂപ വീട്ടമ്മ നൽകി. അക്കൗണ്ട് ബ്ലോക്ക് മാറിയാൽ പലിശ ഉൾപ്പെടെ പണം തിരികെ നൽകാമെന്നായിരുന്നു അറിയിച്ചത്. ഈ വിശ്വാസത്തിൽ സ്വർണ്ണം പണയം വെച്ചായിരുന്നു വീട്ടമ്മ പണം അയച്ചു കൊടുത്തത്. പല യു.പി.ഐ. അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം അയച്ചു കൊടുത്തത്.

സംഭവത്തിന് പിന്നിൽ വൻ റാക്കറ്റാണെന്നാണ് പോലീസ് പറയുന്നത്. വിദ്യാർത്ഥികളേയും തട്ടിപ്പിന് ഉപയോഗിക്കുന്നു. വിദ്യാർത്ഥികളെ കൊണ്ട് അക്കൗണ്ട് എടുപ്പിച്ച് അവർ മുഖേന നടത്തുന്ന പണമിടപാടുകൾക്ക് കമ്മീഷൻ നൽകുന്നതായും പറയുന്നു. കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രതികളെ കോഴിക്കോട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് വിവരം.

Post a Comment

Previous Post Next Post