താമരശ്ശേരി: വന്‍ കവര്‍ച്ച ലക്ഷ്യമിട്ട് താമരശ്ശേരിയിലെത്തിയ നാലംഗ സംഘം പിടിയിൽ. മലപ്പുറം പോത്തുകല്‍ മുണ്ടേരി പാടിക്കര വീട്ടില്‍ ദേവന്‍ (19), നടുവണ്ണൂർ തിരുവോട് പാലോളി ലക്ഷംവീട്ടില്‍ വീരന്‍ (19), വയനാട് കമ്പളക്കാട് ചെറുവാടിക്കുന്ന് വീട്ടില്‍ അജി (24), പൂനത്ത് കുണ്ട്കുളങ്ങര വീട്ടില്‍ രതീഷ് (20) എന്നിവരെയാണ് താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ രാത്രികാല പട്രോളിങ്ങിനിടെയാണ് താമരശ്ശേരി അമ്പായത്തോട് നിന്ന് മോഷണസംഘം പിടിയിലായത്.
സംശയകരമായ സാഹചര്യത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 70 എഫ് 2202 നമ്പര്‍ പിക്കപ്പ് ലോറിക്കരികില്‍ നില്‍ക്കുകയായിരുന്ന സംഘം സമീപത്തെ ഷെഡില്‍ നിന്ന് എന്തോ എടുത്ത് പിക്കപ്പില്‍ ഇടുന്നത് പട്രോളിങ്ങിനിടെ പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വാഹനമെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച സംഘത്തെ പൊലിസ് തടഞ്ഞ് പിടികൂടുകയായിരുന്നു. വാഹനം പരിശോധിച്ചതില്‍ ആക്രി സാധനങ്ങളും ബാറ്ററി, വെല്‍ഡിങ് മെഷിന്‍, പമ്പ് സെറ്റുകള്‍, വാഹനങ്ങളുടെ റേഡിയേറ്റര്‍ എന്നിവ കണ്ടെത്തി. മോഷണം നടത്താനായുള്ള ഗ്യാസ് വെല്‍ഡര്‍, കട്ടര്‍, സ്പാനര്‍, സ്‌ക്രൂ ഡ്രൈവര്‍ തുടങ്ങിയവയും പിടിച്ചെടുത്തു.
ഇതേകുറിച്ച് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഏതോ വര്‍ക് ഷോപ്പില്‍ നിന്ന് മോഷ്ടിച്ചു കൊണ്ടുവരികയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലേപേരെയും മോഷണ വസ്തുക്കളും പിക്കപ്പ് ലോറിയും പൊലിസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം നിലമ്പൂരില്‍ നിന്നാണ് ജെസിബിയുടെ ബാറ്ററിയും മറ്റ് സാധനങ്ങളും കവര്‍ന്നതെന്ന് പൊലിസ് പറഞ്ഞു. സംഘത്തിലെ അജിക്കെതിരെ കോട്ടക്കല്‍ പൊലിസ് സ്റ്റേഷനില്‍ കേസുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. എഎസ്‌ഐ സുജാത്, സീനിയര്‍ സിപിഒ അബ്ദുല്‍ റഫീഖ്, ഹോം ഗാര്‍ഡ് ജയപ്രകാശ് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.