മേപ്പാടി: ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചതിൽ പൊലീസിനെതിരെ മന്ത്രി. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസിൻറേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അവർ പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
'വിഷയം സംഘാടകരുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് പൊലീസ് തങ്ങളോട് സ്വീകരിച്ച നിലപാട് ശരിയായില്ലെന്നാണ്, അങ്ങനെയൊരു സമീപനമാണ് സ്വീകരിച്ചിട്ടുളളതെങ്കിൽ അത് ശരിയല്ല, സർക്കാറിന്റെ നയത്തിന് വിരുദ്ധമായി ആരെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം'- മന്ത്രി കൂട്ടിച്ചേർത്തു. 'യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു, ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ, അതല്ലാത്തവക്ക് തടസ്സമില്ല', മന്ത്രി പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാൻ ആരോ ശ്രമിക്കുകകയാണെന്നും അത് വകവെക്കാതെ ഇതുവരെയുളള ഐക്യത്തോടെ എല്ലാവരും മുന്നോട്ടുപോകണമെന്നും മുഹമ്മദ് റിയാസ് അഭ്യർത്ഥിച്ചു.