ഉള്ളിയേരി: വയനാട് ജില്ലയില്‍ ഇതുവരെ പ്രവേശിക്കാത്ത ഉള്ളിയേരി പുത്തഞ്ചേരി സ്വദേശിയുടെ ഇരുചക്ര വാഹനത്തിനു വയനാട് ആർ.ടി.ഒ എൻഫോഴ്സ്മെന്റിന്റെ പിഴ. കൊയിലാണ്ടി ആർ.ടി ഓഫിസില്‍ കെ.എല്‍ 56 എൻ 7673 നമ്പറുള്ള തന്റെ സ്കൂട്ടറിന്റെ എൻ.ഒ.സിയുമായി ബന്ധപ്പെട്ട് പോയപ്പോഴാണ് പുത്തഞ്ചേരി സ്വദേശി ടി.ആർ.ബിജു ട്രാഫിക് നിയമലംഘനത്തിന് പിഴ അടക്കാനുണ്ടെന്ന വിവരം അറിയുന്നത്.
2024 ഏപ്രില്‍ 12നാണ് വയനാട് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് 2500 രൂപ ഫൈൻ അടക്കാനുണ്ടെന്നു കാണിച്ച് ഇ-ചലാൻ അയച്ചത്. പനമരം-കല്പറ്റ റോഡില്‍ അമിത വേഗതയിലും ഹെല്‍മറ്റ് ധരിക്കാതെയും ഇൻഷൂറൻസ് ഇല്ലാതെയും വാഹനം ഓടിച്ചു എന്നാണ് നോട്ടീസിലുള്ളത്. ചലാനില്‍ ബസിനെ മറികടക്കുന്ന ബൈക്ക് യാത്രക്കാരുടെ ഫോട്ടോയും ഉണ്ട്. തകരാർ കാരണം ഏപ്രില്‍ മാസം സ്കൂട്ടർ പുത്തഞ്ചേരി വീട്ടില്‍ തന്നെയുണ്ടായിരുന്നുവെന്നും ജില്ലക്കു പുറത്തേക്ക് ഇതുവരെ സ്കൂട്ടർ കൊണ്ടുപോയിട്ടില്ലെന്നും ബിജു പറഞ്ഞു.
വയനാട് എം.വി.ഡിയുടെ കാമറയില്‍ കുടുങ്ങിയത് വ്യാജ നമ്പറുള്ള ബൈക്ക് ആകാനോ വാഹന നമ്പർ തെറ്റിയതാവാനോ ആണ് സാധ്യത. ഇതുസംബന്ധിച്ച് കൊയിലാണ്ടി ആർ.ടി ഓഫിസില്‍ പരാതിപ്പെട്ടെങ്കിലും പിഴ അയച്ച ഓഫിസുമായി ബന്ധപ്പെടാനാണ് പറഞ്ഞത്. പിഴ അയച്ച അസി. വെഹിക്കിള്‍ ഓഫിസറുടെ നമ്പർ ചലാൻ ഫോറത്തില്‍ ഉണ്ടെങ്കിലും വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും ബിജു പറഞ്ഞു. കാമറയില്‍ കുടുങ്ങിയ വ്യാജ നമ്പറുള്ള ബൈക്ക് കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും തനിക്ക് വിനയാവുമെന്നും ബിജുവിന് ആശങ്കയുണ്ട്.