Trending

VarthaLink

അത് ഗ്ലൗസ് കൂട്ടിത്തുന്നിയതല്ല; പഴുപ്പ് പോകാനുള്ള 'ഗ്ലൗ ഡ്രെയിൻ'; ചികിത്സാ വീഴ്ചയില്ലെന്ന് ഡോക്ടർമാർ


തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ രോഗിയുടെ ശരീരത്തിൽ ഡോക്ടറുടെ ഗ്ലൗസ് തുന്നിച്ചേർത്തെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ഡോക്ടർമാർ. ശരീരത്തിൽ ഉണ്ടാകുന്ന സെബേഷ്യസ് സിസ്റ്റ് (Sebaceous Cyst) എന്ന മുഴ നീക്കം ചെയ്തതിനു ശേഷം ഉള്ളിലെ പഴുപ്പ് പോകുന്നതിനു വേണ്ടി 'ഗ്ലൗ ഡ്രയിൻ' ഉപയോഗിച്ചതാണെന്ന് ഡോക്ടർമാരുടെ സംഘടന. വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൗ ഡ്രെയിൻ ചെലവു കുറഞ്ഞതും ഉപകാരപ്രദവും ആയ ഒരു രീതിയാണ്. എന്നാൽ ഇതൊന്നും അന്വേഷിക്കാതെ തെറ്റിദ്ധാരണാജനകമായ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാസ്തവവിരുദ്ധമായ വാർത്തയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെജിഎംഒഎ പറഞ്ഞു. ഇത്തരത്തിലുള്ള വാർത്തകൾ പടച്ചുവിടുന്നത് പരിമിതമായ സൗകര്യങ്ങളിൽ ആത്മാർത്ഥമായി ആതുരസേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാനേ ഉപകരിക്കുകയുള്ളൂ എന്നും അവർ വ്യക്തമാക്കി.

ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ ഗ്ലൗസ് മുറിവിൽ തുന്നി ചേർത്തെന്നായിരുന്നു തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഷിനുവിൻ്റെ പരാതി. മുതുകിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവിൽ ഗ്ലൗസ് ചേർത്തു വെച്ച് തുന്നിയെന്ന് ചൂണ്ടിക്കാട്ടി ഷിനു പോലീസിൽ പരാതി നൽകുകയും ചെയ്തു. വേദനയും പഴുപ്പും അസഹ്യമായതോടെയാണ് പോലീസിനെ സമീപിച്ചതെന്ന് പരാതിക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഷിനു ആദ്യം പരാതിപ്പെട്ടത് ആശുപത്രിയിലല്ല, പോലീസിലാണ്. ഇത്തരം സർജറികൾക്കു ശേഷം പഴുപ്പ് പുറത്തുപോകാൻ ഗ്ലൗസിന്റെ ഭാഗം വെട്ടി ഡ്രെയിൻ ആയി ഉപയോഗിക്കുന്നത് ചെലവ് കുറഞ്ഞ മാർഗ്ഗമാണ്. സാധാരണ ഇതിനായി ഡ്രെയിൻ എന്ന പൈപ്പ് ഉപയോഗിക്കാറുണ്ട്. ഇതിന് 800 മുതൽ 1000 വരെ രൂപ ചെലവ് വരും. ഇത് രോഗി വാങ്ങി നൽകിയിരുന്നെങ്കിൽ ഉപയോഗിക്കാൻ കഴിയുമായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഗ്ലൗ ഡ്രെയിൻ സാധാരണ പ്രയോഗിക്കാറുള്ള ഒരു രീതിയാണെന്നും അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.






Post a Comment

Previous Post Next Post