തൃശൂർ: സാമ്പത്തിക തട്ടിപ്പു പരാതിയില്‍ സംവിധായകൻ മേജർ രവിക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഇരിങ്ങാലക്കുട ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 12.5 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണു നടപടി. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. മേജർ രവിക്കെതിരെ പരാതിയുമായി ധനകാര്യ സ്ഥാപനം ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.
പ്രതികളുടെ ഉടമസ്ഥതയിലുള്ള തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനം ധനകാര്യസ്ഥാപനത്തിന് സെക്യൂരിറ്റി അടക്കമുള്ള സംവിധാനങ്ങൾ നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതി. പ്രതിഫലമായി 2022-ൽ 12.48 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാൽ, പറഞ്ഞ പ്രകാരം സേവനങ്ങൾ നൽകിയില്ല. പണം തിരിച്ചു നൽകിയതുമില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.