പത്തനംതിട്ട: ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തി. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ എന്ന ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തിയതിന് പിന്നാലെ പൂട്ടിച്ചു.
തിരുവല്ല പോലീസ് സ്‌റ്റേഷനിലെ സിഐ അജിത് കുമാറിനാണ് ബിരിയാണിയിൽ നിന്നും പഴുതാരയെ ലഭിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഡ്യൂട്ടിയ്ക്കിടെ ഇവിടയെത്തി അദ്ദേഹം ബിരിയാണി ഓർഡർ ചെയ്യുകയായിരുന്നു. ഭക്ഷണം പകുതിയോളം കഴിച്ച ശേഷമാണ് പഴുതാരയെ കണ്ടതെന്ന് അജിത് കുമാർ പറഞ്ഞു. ഉടനെ തന്നെ അദ്ദേഹം വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അദ്ദേഹം അധികൃതർക്ക് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടപ്പിച്ചത്. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.