കുന്ദമംഗലം: ഒന്നര മാസം മുമ്പ് കട്ടാങ്ങൽ എൻ.ഐ.ടിക്ക് സമീപം റോഡരികിൽ തള്ളിയ മാലിന്യം ഒടുവിൽ നീക്കം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അധികൃതരാണ് മാലിന്യം നീക്കം ചെയ്തത്. ചളിപിടിച്ച പ്ലാസ്റ്റിക്, കുപ്പി, റബർ അടങ്ങിയ മാലിന്യമാണ് അജ്ഞാതർ റോഡരികിൽ തള്ളിയത്. മഴ പെയ്ത സമയങ്ങളിൽ മാലിന്യം റോഡിലൂടെ ഒഴുകിയത് പ്രദേശവാസികൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. അജ്ഞാതർ മാലിന്യം തള്ളിയതിന്റെ അടുത്ത ദിവസം ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സിജു കെ. നായരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർനടപടിക്കായി പഞ്ചായത്ത് അധികൃതർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. മാലിന്യം തളളിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞിരുന്നു.
ഒരു മാസത്തിന് ശേഷവും മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കാത്തതിലും റോഡരികിൽനിന്ന് മാലിന്യം എടുത്തു മാറ്റാത്തതിലും പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ശരീഫ് മലയമ്മ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും പരാതി നൽകി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡരികിൽനിന്ന് മാലിന്യം നീക്കം ചെയ്യുകയായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു.