ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.
1944 മാർച്ച് ഒന്നിന് വടക്കൻ കൊൽക്കത്തയിൽ ഭട്ടാചാര്യ ജനിച്ചത്. 1966-ൽ സിപി ഐ എമ്മിൽ പ്രാഥമിക അംഗമായി. 1968ൽ പശ്ചിമബംഗാൾ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 71ൽ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും 82ൽ സെക്രട്ടറിയേറ്റ് അംഗവുമായി. 1984 മുതൽ പാർട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. 1985ൽ കേന്ദ്രകമ്മറ്റി അംഗമായി. 2000 മുതൽ പൊളിറ്റ് ബ്യൂറോ അംഗത്വം.
1977ൽ കോസിപുരിൽനിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ൽ പരാജയപ്പെട്ടെങ്കിലും അതേവർഷം തന്നെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായി. 1987–96 കാലത്തു വാർത്താവിനിമയ, സാംസ്കാരിക വകുപ്പും 1996–99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായി. അതേ വർഷം നവംബറിൽ ആരോഗ്യകാരണങ്ങളാൽ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രിയായി. പശ്ചിമ ബംഗാളിന്റെ വ്യവസായ വൽക്കരണത്തിൽ ശക്തമായ നിലപാടുകൾ എടുത്തു. ഭാര്യ: മീര. മകൾ സുചേതന.