കോഴിക്കോട്: ജില്ലയിലെ ഡിജിറ്റൽ സർവേ നടപടികളുടെ രണ്ടാംഘട്ടം സെപ്റ്റംബർ അവസാനം തുടങ്ങും. ആദ്യഘട്ട ഡിജിറ്റൽ സർവേയിൽ 16 വില്ലേജുകൾ ആയിരുന്നു ഉൾപ്പെട്ടത്. ഇതിൽ 10 വില്ലേജുകളുടെ ഫീൽഡ് സർവേ ജോലികൾ പൂർത്തീകരിച്ചു. 6 വില്ലേജുകളിൽ ഫീൽഡ് ജോലികൾ അന്തിമഘട്ടത്തിലാണ്. ശനിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ കരടു രേഖകൾ തയാറാക്കാൻ നിയമിച്ച സ്വകാര്യ ഏജൻസി ആഗസ്റ്റ് 29ന് ഫിനാൻഷ്യൽ ഫീസിബിലിറ്റി അനാലിസിസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ നിർമാണത്തിനായി ബജറ്റിൽ 20 ശതമാനം പ്രൊവിഷൻ ഉൾപ്പെടുത്തിയതായി പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചുറ്റുമതിൽ നിർമ്മാണം നടത്തുന്നത് സ്പെഷ്യൽ ബിൽഡിംഗ് സബ്ഡിവിഷൻ ആണ്. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽപ്പെട്ട പാച്ചാക്കിൽ തോട് നവീകരണ പ്രവർത്തിയുടെ 30% പൂർത്തീകരിച്ചു. ചേവരമ്പലം ജംഗ്ഷൻ വീതി കൂട്ടുന്നതിനുള്ള അലൈൻമെൻറ് പ്ലാനിന് അംഗീകാരം ലഭിച്ചു.
കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപ്പാലം വഴി പക്രന്തളത്തേക്കുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുകയാണ്. മഴ മാറിയാൽ ടാറിങ് നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുനരുദ്ധാരണത്തിന് രണ്ട് റീച്ചുകളിലായി മൂന്ന് കോടി രൂപ വീതമുള്ള പ്രവൃത്തിയുടെ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡർ ചെയ്ത് കരാർ വെക്കുന്ന ഘട്ടത്തിലാണ്. കുറ്റ്യാടി ബൈപാസ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഡിവിഎസ് (ഡീറ്റേയ്ൽഡ് വാലുവേഷൻ സ്റ്റേറ്റ്മെന്റ്) അംഗീകരിച്ചു. ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയുടെ പൈപ്പ് ഇടാൻ വേണ്ടി റോഡ് വെട്ടിപ്പൊളിച്ചത് പൂർവ്വസ്ഥിതിയിലാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ യോഗത്തിൽ ആവശ്യപ്പെട്ടു. ഇങ്ങനെ വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകളുടെ പട്ടിക ശേഖരിച്ച് ജല അതോറിറ്റിക്ക് കൈമാറിയതായി തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് ജോയിൻറ് ഡോക്ടർ മറുപടി നൽകി.
വില്യാപ്പള്ളി ഐടിഐയുടെ നിർമ്മാണ പ്രവൃത്തി 30% പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. മണിയൂർ ഐടിയുടെ നിർമ്മാണ പ്രവൃത്തി 20% പൂർത്തീകരിച്ചു. തീക്കുനി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വേളം ഗ്രാമപഞ്ചായത്ത് തീക്കുനി-വാച്ചാൽ തോട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 292 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതം വീതിയിലും ഉയരത്തിലുമായി നവീകരിക്കാൻ 90 ലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടി പൂർത്തീകരിച്ചിട്ടുണ്ട്. കിഫ്ബി മുഖേന നടപ്പാക്കുന്ന വടകര താഴെഅങ്ങാടി പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറായി കഴിഞ്ഞതായും സാങ്കേതികാനുമതി ഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചാലിയം ഫിഷ് ലാൻഡിംഗ് സെൻറർ സ്ഥാപിക്കുന്നതിനായി വനം വകുപ്പിന് പകരം നൽകേണ്ട ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് അലൈൻമെൻറ് സ്കെച്ച് ആവശ്യമുള്ളതിനാൽ സർവേ ആരംഭിക്കുന്നതിനായി ജില്ലാ സർവേ സൂപ്രണ്ട് കത്ത് നൽകിയതായി ഫിഷറീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പയ്യോളി ടൗണിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
അസിസ്റ്റൻറ് എൻജിനീയർമാർ ഇല്ലാത്ത ജില്ലയിലെ 11 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ, 5 ഗ്രാമപഞ്ചായത്തുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബാക്കി 6 ഗ്രാമപഞ്ചായത്തുകളിൽ നടപടി സ്വീകരിച്ചു വരികയാണ്.
പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച് ഭൂമിയുടെ സ്കെച്ചും ഫയൽ വിവരങ്ങളും ഡിഎംഒ ഓഫീസിൽ നിന്നും നിരാക്ഷേപ പത്രം ലഭ്യമാക്കുന്നതിനായി കൊളീജിയേറ്റ് എജുക്കേഷൻ വകുപ്പിലേക്ക് അയച്ചിട്ടുണ്ട്. നൊച്ചാട്, ചക്കിട്ടപ്പാറ, ചെമ്പനോട, ചങ്ങരോത്ത് വില്ലേജുകളിലെ പട്ടയവിതരണ നടപടി ത്വരിതപ്പെടുത്താൻ 15 സർവേയർമാരെ അനുവദിക്കാൻ അപേക്ഷിച്ചിട്ടുണ്ട്.
കൊയിലാണ്ടി നടേരി കടവ് പാലത്തിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എഎൽഎസ് (അഡ്വൻസ്ഡ് ലൈഫ് സപ്പോർട്ട്) ആംബുലൻസ് വാങ്ങാനായി 28.35 ലക്ഷം രൂപ ജില്ലാ മെഡിക്കൽ ഓഫീസിന് അനുവദിച്ചു. പുറക്കാട്ടിരി പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി പൂനൂർ പുഴയിൽ നിക്ഷേപിച്ച മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും 65 ശതമാനത്തോളം നീക്കം ചെയ്തതായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുഴയിലെ ഒഴുക്ക് സുഗമമാക്കുന്നതിനായി പാലത്തിന് താഴെയായി ശേഷിക്കുന്ന അവശിഷ്ടങ്ങളും കൂടി നീക്കേണ്ടതുണ്ട്.
ബാലുശ്ശേരി മിനി സ്റ്റേഡിയത്തിന് ഭൂമി ഏറ്റെടുക്കൽ പ്രവൃത്തിക്ക് 99 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അറവ് മാലിന്യസംസ്കരണ പ്ലാന്റിൽ കൂടുതൽ മാലിന്യം തള്ളുന്നത് തടയാനായി വെയിങ്ങ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.