Trending

VarthaLink

വിസ്മൃതിയുടെ ഇരുളിൽ ഉള്ളിയേരി പാലം പൊളിക്കൽ; 82ാം ആണ്ടിലും സ്മാരകം യാഥാർത്ഥ്യമായില്ല.

ഉള്ളിയേരി: ക്വിറ്റിന്ത്യാ സമരത്തിൻ്റെ ഭാഗമായി ഉള്ളിയേരിയിൽ1942 ഓഗസ്ത്-19 ന് നടന്ന ഐതിഹാസികമായ പാലം പൊളിക്കൽ സമരത്തിന്റെ ഓർമ്മകൾക്ക് എൺപത്തിരണ്ടാം ആണ്ട്. ക്വിറ്റിന്ത്യാ സമരത്തിൻ്റെ ലക്ഷ്യം നെഞ്ചേറ്റി ബിട്ടീഷുകാരോട് രാജ്യം വിട്ടുപോകാനുള്ള ശക്തമായ താക്കീതായി നടന്ന സമരം പക്ഷെ, വിസ്മൃതിയിലേയ്ക്ക് മറയുകയാണ്. ഐതിഹാസിക സമരത്തിൻ്റെ സ്മരണയ്ക്കായി ഉള്ളിയേരിയിൽ ഒരു ഫലകം പോലുമില്ല. പാലം പുനർനാമകരണമോ സ്മാരക മന്ദിരമോ ഒന്നും തന്നെ ഇത്രയും വർഷമായിട്ടും യാഥാർത്ഥ്യമായില്ല. 

കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരിയിലൂടെ കടന്നുപോവുന്ന റോഡ് അന്ന് ബിട്ടീഷുകാർക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. വയനാട്ടിൽ നിന്ന് സുഗന്ധദ്രവ്യങ്ങളും, മരക്കരിയും കൊയിലാണ്ടിയിലേക്ക് എത്തിക്കാൻ ഈ റോഡിനെയാണ് ബ്രിട്ടീഷുകാർ ആശ്രയിച്ചത്. ഈ പാതയിലെ ഉള്ളിയേരി മരപ്പാലം പൊളിച്ചാൽ റോഡു മാർഗവും തീവണ്ടി മാർഗ്ഗവും ചരക്കു നീക്കം തടയാൻ പറ്റുമെന്നത് മുൻകൂട്ടി കണ്ടാണ് അന്ന് ഉള്ളിയേരിയിലെ യുവാക്കൾ പാലം പൊളിച്ചത്. ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ടു കൊണ്ട് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യത്തെ കേസായിരുന്നു ഇത്. 

1942 ഓഗസ്ത്-19 ന് രാത്രി ഏഴുമണിക്ക് നടന്ന പാലം പൊളിക്കൽ സമരം ഉള്ളിയേരി അംശക്കച്ചേരി, കോക്കല്ലൂർ അംശക്കച്ചേരി, കുന്നത്തറയിലെ സർക്കാർ ആല, വേളൂർ അംശക്കച്ചേരി തുടങ്ങിയവ തുടർന്ന് അഗ്നിക്കിരയാക്കപ്പെട്ടു. ഉള്ളിയേരിയിലെ പാലം പൊളിക്കൽ സമരത്തിന് നേതൃത്വം കൊടുത്ത എൻ.കെ ദാമോദരൻ നായർ, കെ. ശങ്കരൻ നായർ, എം.മാധവൻ നമ്പ്യാർ, എം നാരായണൻ നമ്പ്യാർ, കെ.അച്ചുതൻ നായർ, എം.അപ്പുക്കുട്ടി നമ്പ്യാർ, കെ.എൻ ഗോപാലൻ നായർ, വി.ടിരാമൻ നായർ, കീഴാതക ശ്ശേരി കൃഷ്ണൻ നായർ, എം. രാമൻ ഗുരുക്കൾ എന്നിവരാണ് ബ്രിട്ടീഷുകാരുടെ പിടിയിലായത്. ഇതിൽ എട്ടുപേർ ബെല്ലാരിയിലെ ആലിപ്പൂർ ജയിലിൽ അഞ്ചു വർഷത്തോളം ജയിൽ ശിക്ഷയനുഭവിച്ചു. 

പുളിക്കൂൽ കോയക്കുട്ടി, പാലോ റമലയിൽ തെയ്യോൻ, മനത്താനത്ത് മീത്തൽ ചാത്തുകുട്ടി,അരുമ്പ മലയിൽ അരുമ തുടങ്ങിയ അക്കാലത്ത് കൗമാരപ്രായം വിട്ടിട്ടില്ലാത്തവരും യുവാക്കളുമായ ഒട്ടെറെപ്പേർ ഈ സമരത്തിൽ പങ്കാളികളായതായി വാമൊഴി ചരിത്രം പറയുന്നു. കോഴിക്കോട് - കുറ്റ്യാടി - കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതകൾ സംഗമിക്കുന്ന സ്ഥലത്താണ് പുതിയ പാലമുള്ളത്.

ലേഖകൻ: ഗോവിന്ദൻകുട്ടി

Post a Comment

Previous Post Next Post